പരവൂർ : 500 രൂപ നോട്ടുകൾക്ക് ചില്ലറ ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസവുമായി റിസർവ് ബാങ്ക്. ഇനി മുതൽ എടിഎമ്മുകൾ വഴി 10, 20, 50 രൂപ നോട്ടുകൾ നേരിട്ട് പിൻവലിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വരുന്നു.
രാജ്യത്ത് ചെറിയ മൂല്യമുള്ള നോട്ടുകൾക്ക് ക്ഷാമമില്ലെന്നും ഇവ സുഗമമായി ലഭ്യമാക്കുന്നതിനായി പ്രത്യേക സ്മോൾ ഡിനോമിനേഷൻ ഡിസ്പെൻസറുകൾ പരീക്ഷിച്ചു വരികയാണെന്നും റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള ഭൂരിഭാഗം എടിഎമ്മുകളും 100, 200, 500 രൂപ നോട്ടുകൾ വിതരണം ചെയ്യാൻ മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.ഇത് പലപ്പോഴും ചെറിയ ഇടപാടുകൾക്ക് തടസമാകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഡിജിറ്റൽ പേയ്മെന്റുകൾ വ്യാപകമായതോടെ കടകളിൽ ചില്ലറ ലഭ്യത കുറഞ്ഞുവെന്ന പരാതികൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ നിർദേശാനുസരണം റിസർവ് ബാങ്കിന്റെ ഈ സുപ്രധാന ഇടപെടൽ.
പത്തുരൂപയുടെ 439.4 കോടി നോട്ടുകൾ ഈ സാമ്പത്തിക വർഷം മാത്രം റിസർവ് ബാങ്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. 20 രൂപയുടെ നോട്ടുകൾ 193.7 കോടി രൂപയും 50 രൂപ നോട്ടുകൾ 130.3 കോടി രൂപയും വിതരണം ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10 രൂപ നോട്ടുകൾ 180 കോടി രൂപയും 20 രൂപ നോട്ടുകൾ 150 കോടി രൂപയും 50 രൂപ നോട്ടുകൾ 300 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.വിവിധ മൂല്യങ്ങളിലുള്ള നോട്ടുകളുടെ ആവശ്യം റിസർവ് ബാങ്ക് കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്.
ചെറിയ മൂല്യമുള്ള ഇടപാടുകൾക്കായി നോട്ടുകൾക്കൊപ്പം നാണയങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തും. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.